`വിശ്വാസം-വിശുദ്ധി-നവോത്ഥാനം` സുഊദി ദേശീയതല ത്രൈമാസ കാമ്പയിന്‍ (2012 ഡിസംബര്‍ 1 - 2013 ഫെബ്രുവരി 28)

`വിശ്വാസം-വിശുദ്ധി-നവോത്ഥാനം` സുഊദി ദേശീയതല ത്രൈമാസ കാമ്പയിന്‍ (2012 ഡിസംബര്‍ 1 - 
2013 ഫെബ്രുവരി 28)

കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മാതൃക സ്വീകരിച്ച്‌ മതരംഗത്തും പൊതുരംഗത്തും പ്രവാസികള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ വേദിയൊരുക്കികൊണ്ട്‌ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ദേശീയ തലത്തില്‍ നടത്തുന്ന ത്രൈമാസ കാമ്പയിനാണ്‌ `വിശ്വാസം-വിശുദ്ധി-നവോത്ഥാനം.' 2013 ഡിസംബറില്‍ നടക്കാനിരിക്കുന്ന എട്ടാമത്‌ മുജാഹിദ്‌ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കേരളത്തില്‍ വിവിധ സമ്മേളനങ്ങള്‍ നടന്നുവരികയാണ്‌ എന്ന പശ്ചാത്തലം കൂടി ഇതിനുണ്ട്‌. ഒക്‌ടോബര്‍ 13ന്‌ എറിയാട്‌ നടന്ന കേരള മുസ്‌ലിം ഐക്യസംഘം 90ാം വാര്‍ഷിക സമ്മേളനം, നവംബര്‍ 1ന്‌ എറണാകുളത്ത്‌ നടന്ന എം.എസ്‌.എം കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌, ഡിസംബര്‍ 21,22,23 തിയ്യതികളില്‍ പാലക്കാട്‌ നടന്ന ഐതിഹാസികമായ ഐ.എസ്‌.എം കേരള യുവജന സമ്മേളനം എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്‌. ഐ.എസ്‌.എം സമ്മേളന പ്രമേയത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി ഈ കാമ്പയിന്‍ ലക്ഷ്യം വെക്കുന്നുണ്ട്‌.
ആത്മീയവും ഭൗതികവുമായ പതിതാവസ്ഥയില്‍ നിന്ന്‌ നന്മയിലേക്കും വളര്‍ച്ചയിലേക്കുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ്‌ നവോത്ഥാനം. മതം മനുഷ്യന്‌ മുന്നില്‍ കൃത്യമായ നവോത്ഥാന ചിത്രം അവതരിപ്പിക്കുന്നുണ്ട്‌. സമൂഹത്തെ ധാര്‍മിക ജീവിതത്തിലേക്കും ഭൗതിക വികാസത്തിലേക്കും നയിക്കാന്‍ കഴിയുക യഥാര്‍ഥ ദൈവവിശ്വാസത്തിന്‌ മാത്രമാണ്‌. ജീവിത വിശുദ്ധിയുടെയും ഭൗതിക-ആത്മീയ വളര്‍ച്ചകളുടെയും നിദാനം ഈ തിരിച്ചറിവാകണം എന്ന സന്ദേശമാണ്‌ `വിശ്വാസം-വിശുദ്ധി-നവോത്ഥാനം' കാമ്പയിന്‍ മുന്നോട്ടു വെക്കുന്നത്‌.
അസ്വസ്ഥതകളില്‍ നിന്ന്‌ താല്‍ക്കാലിക ശാന്തി തേടി ആള്‍ദൈവങ്ങളുടെ ആലയങ്ങളിലും കപട ധ്യാനകേന്ദ്രങ്ങളിലും ദിവ്യന്മാരുടെയും സിദ്ധന്മാരുടെയും സവിധത്തിലും ജാറങ്ങളിലും മഖ്‌ബറകളിലും ഇതര ആത്മീയ വാണിഭ കേന്ദ്രങ്ങളിലും ധനവും മാനവും വിശ്വാസവും പണയപ്പെടുത്തുന്ന ഹതഭാഗ്യരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ന്‌ പുതുമ നഷ്‌ടപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്‌. വിശ്വാസികള്‍ക്കും ദൈവത്തിനുമിടയില്‍ മധ്യവര്‍ത്തികളായി പ്രത്യക്ഷപ്പെടുന്നവര്‍, മന്ത്രവും ഹോമവും നടത്തുന്നവര്‍, മാരണവും ജിന്ന്‌ ബാധയും പറഞ്ഞു പേടിപ്പിക്കുന്നവര്‍, കമ്പ്യൂട്ടര്‍ ജാതകം, വെള്ളിമൂങ്ങ, വലംപിരി ശംഖ്‌, നാഗമാണിക്യം, ധനാകര്‍ഷക യന്ത്രം, ജോത്സ്യം, മുടിക്കച്ചവടം, ഉറൂസുകള്‍, സ്വലാത്ത്‌ മേളകള്‍, നേര്‍ച്ചകള്‍... ഈ വാണിഭത്തിന്റെ നിര നീണ്ടതാണ്‌.
ജനങ്ങളുടെ പണത്തിലും മാനത്തിലും കണ്ണുവെക്കുന്ന കപട പുരോഹിതന്മാരും അവരുടെ ശിങ്കിടികളും തീര്‍ക്കുന്ന കെണിയാണിത്‌. പ്രവാസികള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണവും അവരുടെ കുടുംബങ്ങളിലെ സുരക്ഷിതത്വവും പലപ്പോഴും ഈ രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്‌. പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും ദൈവ മാര്‍ഗത്തില്‍ നിന്ന്‌ അവരെ തടയുകയും ചെയ്യുന്നുവെന്ന്‌ ഖുര്‍ആന്‍ പ്രസ്‌താവിക്കുന്നത്‌ (9:34) ശ്രദ്ധേയമാണ്‌.
ജീര്‍ണതകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ പ്രവാസി സമൂഹത്തെയും അവരുടെ കുടുംബങ്ങളെയും ബോധവത്‌കരിക്കാനും വ്യക്തി-കുടുംബ-സാമൂഹ്യ തലങ്ങളില്‍ മൂല്യാധിഷ്‌ഠിതമായ നവോത്ഥാന മുന്നേറ്റം നടത്താനുമാണ്‌ കാമ്പയിന്‍ ആഹ്വാനം ചെയ്യുന്നത്‌. കടുത്ത അന്ധവിശ്വാസവും യാഥാസ്ഥിതിക നിലപാടുകളും പ്രചരിപ്പിക്കുന്നവര്‍ പോലും തങ്ങള്‍ പുരോഗമന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന്‌ വാദിക്കുന്ന ദയനീയ ചിത്രമാണ്‌ സമകാലിക വാര്‍ത്തകള്‍ നമുക്ക്‌ നല്‍കുന്നത്‌. നവോത്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്‌കരണത്തിന്റെയും തെറ്റായ വായനയും വ്യാഖ്യാനവും തിരുത്തപ്പെടേണ്ടതാണ്‌. പ്രമേയം ലക്ഷ്യംവെക്കുന്ന നന്മകളെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാന്‍ സഹായിക്കുന്ന ഒത്തുചേരലുകളും ഇടപെടലുകളുമാണ്‌ കാമ്പയിനിലൂടെ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌.
കാമ്പയിന്‌ നാന്ദികുറിച്ച്‌ നാഷണല്‍ കമ്മിറ്റി നവംബര്‍ 30ന്‌ ജിദ്ദയില്‍ നടത്തിയ ഉദ്‌ഘാടനപരിപാടികളെ തുടര്‍ന്ന്‌ സോണ്‍തലത്തിലും ഏരിയതലത്തിലും സെന്റര്‍ തലത്തിലും കാമ്പയിന്‍പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. `സാമൂഹ്യ സുരക്ഷിതത്വം: വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ ദേശീയതല പ്രബന്ധരചനാ മത്സരം, പ്രമേയ ചര്‍ച്ചകള്‍, ഫാമിലി മീറ്റ്‌, ടേബിള്‍ ടോക്ക്‌, സെമിനാര്‍, സൗഹൃദ സദസ്സുകള്‍, തസ്‌കിയ-തര്‍ബിയ സംഗമങ്ങള്‍, സീഡി-ലഘുലേഖ വിതരണം തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും കാമ്പയിന്റെ ഭാഗമായി നടന്നുവരുന്നു. ദേശീയ തല സമാപനം 2013 ഫെബ്രുവരി അവസാന വാരം റിയാദില്‍ ബഹുജന സമ്മേളനമായി നടക്കും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: