ഐ എസ് എം സമ്മേളനത്തിന് പ്രൗഢമായ തുടക്കം
പാലക്കാട്: ഐ എസ് എം യുവജന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകരടക്കം നിറഞ്ഞു കവിഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി ലോകപ്രശസ്‌ത ഇസ്‌ലാമിക ചിന്തകനും പ്രബോധകനുമായ ഡോ. ഇദ്‌രീസ് തൗഫീഖ് (ബ്രിട്ടണ്‍) മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
ഇസ്‌ലാമിന്റെ ലളിതവും സുന്ദരവുമായ മുഖം ലോകത്തിന് മുമ്പില്‍ കാഴ്‌ചവെക്കുന്നതില്‍ ആധുനിക മുസ്‌ലിംകള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ടെന്ന് ഡോ. ഇദ്‌രീസ് തൗഫീഖ് പറഞ്ഞു. ജീര്‍ണതക്കും തീവ്രതക്കും യാഥാസ്ഥികതക്കുമിടയില്‍ ഇസ്‌ലാമിന്റെ മധ്യമ നിലപാട് പ്രകടിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. ഇസ്‌ലാമിന്റെ സുന്ദരമുഖം ലോകത്തിനു മുമ്പില്‍ സങ്കീര്‍ണ്ണമാക്കുന്നത് മുസ്‌ലിംകള്‍ തന്നെയാണ്. ആദര്‍ശ രംഗത്തും അനുഷ്‌ഠാന മേഖലയിലും ഒരു ചെറിയ വിഭാഗം മുസ്‌ലിംകള്‍ പിന്തുടരുന്ന തീവ്രമായ നിലപാട് പൊതു സമൂഹത്തില്‍ ഇസ്‌ലാമിനെക്കുറിച്ച് അപരിഹാര്യമായ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തിന് ഇസ്‌ലാം വലിയൊരു അനുഗ്രഹമാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന് ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ ഈസ അബൂബക്കര്‍ മദനി അധ്യക്ഷത വഹിച്ചു.
ഡി സി സി പാലക്കാട് പ്രസിഡന്റ് സി പി ബാലചന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്‌ദുല്‍ ഖുദ്ദൂസ്, ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്‌ണകുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോബി വി ചുങ്കത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
യുവത പുസ്‌തക പ്രകാശനം മുസ്‌ലിംലീഗ് ജന. സെക്രട്ടറി കെ പി എ മജീദ് നിര്‍വഹിച്ചു. അബ്‌ദുറഹിമാന്‍ തൃപ്പനച്ചി പുസ്‌തക പരിചയം നടത്തി. പാറപ്പുറത്ത് മൊയ്‌തീന്‍കുട്ടി എന്ന ബാവ ഹാജി തിരൂര്‍ കോപ്പി ഏറ്റുവാങ്ങി.
സമ്മേളനത്തിന്റെ സുവനീര്‍ കാളിദാസ് പുതുമന അബ്‌ദുല്‍ ജബ്ബാറിന് കോപ്പി നല്‌കി പ്രകാശനം ചെയ്‌തു. ബി പി എ ഗഫൂര്‍ സുവനീര്‍ പരിചയം നടത്തി. ഡോ. ഇദ് രീസ് തൗഫീഖ് അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. ഒളിമ്പ്യന്‍ ഇര്‍ഫാന്‍, ഡോ. ഐ പി അബ്‌ദുസ്സലാം, ഡോ. ലബീദ് അരീക്കോട്, മാസ്റ്റര്‍ അബ്‌ദുല്ല അവാര്‍ഡുകള്‍ സ്വീകരിച്ചു.
കോവൈ അബ്‌ദുല്‍ഖാദിര്‍, അബൂബക്കര്‍ നന്മണ്ട, ജാഫര്‍ വാണിമേല്‍, ഡോ. മുബശ്ശിര്‍ പാലത്ത്, ഇര്‍ശാദ് സ്വലാഹി, ഡോ. ഐ പി അബ്‌ദുസ്സലാം പ്രസംഗിച്ചു.
ഉച്ചയ്‌ക്ക് നടന്ന നേതൃസംഗമം എ അബ്‌ദുല്‍അലി മദനി ഉദ്‌ഘാടനം ചെയ്‌തു. ഐ എസ് എം ജന.സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ എം സകരിയ്യ, സെയ്‌ത് മുഹമ്മദ് കുരുവട്ടൂര്‍, എ നൂറുദ്ദീന്‍ പ്രസംഗിച്ചു.
രണ്ടാം ദിവസമായ ഇന്ന് (ശനി) രാവിലെ 8ന് സന്നദ്ധ സേവക സംഗമം നടക്കും. കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി ഉദ്‌ഘാടനം ചെയ്യും. രാവിലെ 10ന് ഐ സി സി ഹാളില്‍ ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി ഉദ്‌ഘാടനം ചെയ്യും. പ്രധാന പന്തലില്‍ നടക്കുന്ന ആദര്‍ശ പാഠശാല കെ എന്‍ എം സംസ്‌ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ് കുട്ടി ഉദ്‌ഘാടനം ചെയ്യും.
ടൗണ്‍ഹാളില്‍ ബധിര യുവജന സമ്മേളനം പഞ്ചായത്ത്, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് രണ്ടിന് നടക്കുന്ന വിദ്യാര്‍ഥി സമ്മേളനം കാലിക്കറ്റ് യുനിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ ഡോ. പി പി മുഹമ്മദ് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് നാലിന് `പെരുകുന്ന പൗരാവകാശ നിഷേധം- നിശബ്‌ദമാകുന്ന യൗവനം' എന്ന വിഷയത്തില്‍ യുവപക്ഷം സംവാദം നടക്കും. അഡ്വ. എം ശംസുദ്ദീന്‍ എം എല്‍ എ, അഡ്വ. വി ടി ബല്‍റാം എം എല്‍ എ, അഡ്വ. സുനില്‍കുമാര്‍ എം എല്‍ എ, അഡ്വ. ശ്രീരാമകൃഷ്‌ണന്‍ എം എല്‍ എ, ജാബിര്‍ അമാനി, മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ പങ്കെടുക്കും.
വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആഭ്യന്തരവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. എം ബി രാജേഷ് എം പി മുഖ്യാതിഥി ആയിരിക്കും. പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്‌ണന്‍, ആര്‍ ബി ശ്രീകുമാര്‍, സ്വാമി ആപ്‌തലോകാനന്ദ, ഡോ. കെ ടി ജലീല്‍ എം എല്‍ എ, സി പി ജോണ്‍, അഡ്വ. പി എം സാദിഖലി, എം സ്വലാഹുദ്ദീന്‍ മദനി പങ്കെടുക്കും.
0 comments: