മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ?

മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ?

madavoor-ഡോ. ഹുസൈന്‍ മടവൂര്‍

ചന്ദ്രിക ദിനപത്രം ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം
വിശുദ്ധ മക്കയില്‍ വെച്ചാണിതെഴുതുന്നത്. മസ്ജിദുല്‍ ഹറാമില്‍ സുബഹി നമസ്‌കാരം കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ ആദ്യം ലഭിച്ച വിവരം പ്രമുഖ പണ്ഡിതന്‍ പി കെ അഹമ്മദലി മദനിയുടെ മരണവാര്‍ത്തയായിരുന്നു. ഉടന്‍ തന്നെ മദനിയുടെ മകന്‍ സുഹൈലിനെ വിളിച്ച് തഅ്‌സിയത്ത് അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അബ്ദുറഹിമാന്‍ അന്‍സാരിയുടെ വിയോഗം മൂലമുണ്ടായ വേദനകള്‍ മാറുന്നതിനു മുമ്പാണ് പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ഈ മരണവാര്‍ത്തയും കേള്‍ക്കേണ്ടി വന്നത്. ഈ വിയോഗങ്ങളില്‍ ഒരു അനുസ്മരണക്കുറിപ്പായല്ല ഈ വരികള്‍ എഴുതുന്നത്. മറിച്ച് പൂവണിയാത്ത ചില സ്വപ്‌നങ്ങള്‍ ബാക്കി വെച്ച് കൊണ്ടല്ലേ അവര്‍ നമ്മെ വിട്ടുപോയത് എന്ന സങ്കടം സുമനുസ്സുകളുമായി പങ്ക് വെക്കുകയാണ്.

അഹമ്മദലി മദനി എന്നോട് അവസാനമായി പറഞ്ഞ ഒരു വാചകമുണ്ട് ‘ഇന്‍ശാ അല്ലാഹ്, എല്ലാം ശരിയാവും. മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവും’. അദ്ദേഹത്തിന്റെ മരണവാര്‍ത്തയെത്തിയപ്പോള്‍ ആ വാക്കുകള്‍ എന്റെ മനസ്സില്‍ വല്ലാതെ പ്രകമ്പനം കൊള്ളുന്നതായി തോന്നി. ആ വാക്കുകളുടെ വികാരതീവ്രത എനിക്ക് ചുറ്റും തരംഗമുയര്‍ത്തുന്നതായി അനുഭവപ്പെട്ടു. മുജാഹിദ് പ്രസ്ഥാനം രണ്ടായ ശേഷം ഞങ്ങള്‍ കണ്ടുമുട്ടാറുള്ളത് മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗങ്ങളിലും വിവാഹ സദസ്സുകളിലും മരണ വീടുകളിലും തീവണ്ടി യാത്രകളിലുമാണ്. എന്നോടദ്ദേഹം അറബിയില്‍ സംസാരിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. ‘യാ ശൈഖ്, കൈഫല്‍ ഹാല്‍ ‘ എന്ന് പറഞ്ഞു കൊണ്ടാണ് സംസാരം തുടങ്ങുക. രണ്ടു മാസം മുമ്പാണ് ഞങ്ങള്‍ അവസാനമായി കണ്ടത്. അന്നാണദ്ദേഹത്തിന്റെ മനസ്സിനുള്ളിലെ ആഗ്രഹം വാക്കുകളായി പുറത്തേക്ക് വന്നത്. പക്ഷേ ആ ആഗ്രഹം ബാക്കി വെച്ചേച്ചു കൊണ്ടാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. പിറകെ നമ്മളും പോവാനിരിക്കുന്നു.

പത്തു വര്‍ഷത്തിലധികമായി മുജാഹിദ് പ്രസ്ഥാനം രണ്ടാണ്. അതൊന്നാകുമെന്നാണ് മദനി പറഞ്ഞത്. പിളര്‍പ്പിലെക്കേത്തിച്ച കാരണങ്ങള്‍ പലതാണ്. അവയെക്കുറിച്ചുള്ള ചര്‍ച്ചയോ വിശകലനമോ ഇവിടെ പ്രസക്തമല്ല. സ്വാഭാവികമായും അതിന് പല ഭാഷ്യങ്ങളുണ്ടാകും. തെറ്റുകളും തെറ്റിദ്ധാരണകളുമുണ്ടായിട്ടുണ്ട്. ചര്‍ച്ച ചെയ്യുന്തോറും ചെറിയ മുറിവുകള്‍ പോലും ആഴത്തിലുള്ള വൃണമായി മാറുന്ന കാഴ്ചയാണ് കണ്ടത്. അതിനാല്‍ അത്തരം ചര്‍ച്ചകള്‍ ഭാവിയിലും ഗുണത്തിലേറെ ദോഷം മാത്രമേ ചെയ്യുകയുള്ളൂ. ആലോചിക്കേണ്ടത് ഈ സംഘടനക്കും സമുദായത്തിനും ഗുണപരമായ ഒരൈക്യത്തിന്റെ സാധ്യതകളെക്കുറിച്ചാണ്. ഒട്ടും മുന്‍വിധികകളോ ഔപചാരികതകളോയില്ലാതെ എന്റെ മനസ്സില്‍ കടന്നു വന്ന ചില കാര്യങ്ങള്‍ കുറിക്കണം എന്ന് തോന്നിയതും അതുകൊണ്ടാണ്.

കെ എന്‍ ഇബ്രാഹിം മൗലവി, എ വി അബ്ദുറഹിമാന്‍ ഹാജി, കെ കെ മുഹമ്മദ് സുല്ലമി, എന്‍ കെ അഹമ്മദ് മൗലവി, അലി അബ്ദുറസാഖ് മൗലവി, അമ്മാങ്കോത്ത് അബൂബക്കര്‍ മൗലവി, എന്‍ പി അബ്ദുല്‍ ഖാദര്‍ മൗലവി, പ്രൊഫസര്‍ മങ്കട അബ്ദുല്‍ അസീസ് മൗലവി, അബൂബക്കര്‍ കാരക്കുന്ന്, പി സി അഹമ്മദ് ഹാജി, സി അബ്ദുള്ള ഹാജി, പി പി ഹുസൈന്‍ ഹാജി തുടങ്ങിയ നമ്മുടെ എത്രയെത്ര നേതാക്കളും പണ്ഡിതന്‍മാരുമാണ് കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയത്. ഇവരില്‍ പലരും സംഘടനയില്‍ പുനരൈക്യമുണ്ടാകണമെന്ന് ആഗ്രഹിച്ചവരും ആ ആഗ്രഹം പ്രകടിപ്പിച്ചവരും അതിനായി പ്രവര്‍ത്തിച്ചവരുമാണ്. പക്ഷേ ആ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ അവര്‍ക്കാര്‍ക്കും ഭാഗ്യമുണ്ടായില്ല. കെ ഉമര്‍ മൗലവി, കെ പി മുഹമ്മദ് മൗലവി, ഡോ. ഉസ്മാന്‍ സാഹിബ് തുടങ്ങിയവരുടെ അവസാന കാലത്തുണ്ടായ സംഘടന പ്രശ്‌നങ്ങളില്‍ അവര്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഞാനുമായി പങ്കു വെച്ചിട്ടുണ്ട്. ഉമ്മര്‍ മൗലവി അത്യാസന്ന നിലയിലായിരുന്നപ്പോള്‍ ഞാനും മുഹമ്മദ് കുട്ടശ്ശേരി മൗലവിയും പ്രൊഫ. പി അബ്ദുറഹിമാന്‍ സാഹിബും അദ്ദേഹത്തെ കാണാന്‍ ചെന്നു. മൗലവിയുടെ മകന്‍ മുബാറക് ഞാനുമായി മൗലവിക്കുണ്ടായ ചില തെറ്റിദ്ധാരണകള്‍ തിരുത്താനായി സംസാരം തുടങ്ങി. മൗലവി പറഞ്ഞു. ‘അതെല്ലാം വിട്, അതൊന്നും ഇനി പറയേണ്ട. എനിക്കെല്ലാം മനസ്സിലായി. എന്റെ മനസ്സില്‍ ഇനിയൊന്നുമില്ല’. എന്നെ മാറോടു ചേര്‍ത്തു പിടിച്ച് അല്ലാഹു ബര്‍ക്കത്താക്കട്ടെ എന്ന് പറഞ്ഞ് ചുംബനം തന്നാണ് മൗലവി എന്നെ യാത്രയാക്കിയത്.

ഇരുവിഭാഗത്തിലെയും പണ്ഡിതന്‍മാരും നേതാക്കളും പ്രവര്‍ത്തകരും രോഗികളാവുമ്പോഴും മരണപ്പെടുമ്പോഴും ഗ്രൂപ്പ് നോക്കാതെ നാം ഓടിയെത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും മയ്യിത്ത് നമസ്‌കരിക്കുന്നതും പരസ്പരം കാത്തു സൂക്ഷിക്കുന്ന ഇഷ്ടവും ബഹുമാനവും കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ഉമ്മ മരിച്ച വിവരമറിഞ്ഞ് ആദരണീയനായ എ പി അബ്ദുല്‍ ഖാദര്‍ മൗലവി സുഖമില്ലാത്ത സമയത്ത് വളരെ പ്രയാസപ്പെട്ടാണ് എന്റെ വീട്ടിലെത്തിയത്. ഒരു മണിക്കൂറിലേറെ വീടിന്റെ കോലായയില്‍ പ്രൗഡിയോടെ മൗലവി ഇരിക്കുകയും ആളുകളോട് സംസാരിക്കുകയും ചെയ്തപ്പോള്‍ ബാപ്പ മരിച്ചു പോയ എനിക്ക് ഒരു ബാപ്പയുണ്ടവിടെ എന്നാണനുഭവപ്പെട്ടത്.

എ പി അബ്ദുല്‍ ഖാദര്‍ മൗലവി, സി പി ഉമര്‍ സുല്ലമി, ഡോ . ഇ കെ അഹമ്മദ് കുട്ടി, ടി പി അബ്ദുല്ലക്കോയ മദനി, കരുവള്ളി മുഹമ്മദ് മൗലവി, ഹൈദര്‍ മൗലവി മുട്ടില്‍, അബ്ദുല്‍ ഹമീദ് മദീനി, മുഹമ്മദ് കുട്ടശ്ശേരി, എം മുഹമ്മദ് മദനി, പി കെ അഹമ്മദ് സാഹിബ്, അഡ്വ. പി എം മുഹമ്മദ് കുട്ടി, ബാബു സേട്ട്, പി വി ഹസ്സന്‍ ഹാജി, പി പി അബ്ദുറഹിമാന്‍ മാസ്റ്റര്‍, പാലത്ത് അബ്ദുറഹിമാന്‍ മദനി, അബൂബക്കര്‍ ഹാജി പുതിയങ്ങാടി, വി കെ മൊയ്തു ഹാജി, എന്‍ വി അബ്ദുറഹിമാന്‍ തുടങ്ങി ഇരുപക്ഷത്തെയും പ്രമുഖരെല്ലാം എല്ലാ അര്‍ത്ഥത്തിലും മുതിര്‍ന്ന പൗരന്മാരാണ്. ഇവരെയെല്ലാം ഞാന്‍ പലപ്പോഴും കാണാറുണ്ട്. അവര്‍ തമ്മില്‍ തമ്മിലും കാണാറുണ്ട്. അറുപതും എഴുപതും വയസ്സ് കഴിഞ്ഞ അവരും പറയാറുണ്ട് ഇന്‍ശാ അല്ലാഹ് എല്ലാം ശരിയാവുമെന്ന്. പക്ഷെ ശരിയാവുമ്പോഴേക്ക് നമ്മളുണ്ടാകുമോ എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. മരണവും പരലോകവും സത്യമാണെന്ന് വിശ്വസിക്കുന്ന നമുക്ക് ഇനി നീട്ടിവെക്കാന്‍ സമയമില്ല.

കൂരിരുട്ടില്‍ എവിടെയോ ദൃശ്യമാകുന്ന ചില പ്രകാശ കിരണങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുന്നുണ്ട്. പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരുടെയുള്ളില്‍ സന്തോഷം പകരുന്നതായിരുന്നു ഈയിടെ അരീക്കോട് നടന്ന പരിപാടി. നോട്ടീസും പ്രചരണവും പരിപാടിയും കണ്ടവര്‍ക്ക് മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നിട്ടില്ലെന്നു തോന്നുന്ന വിധമായിരുന്നു അതിന്റെ സംഘാടനം. ഇരുപക്ഷത്തു നിന്നുമായി ഓരോ പണ്ഡിതന്‍മാര്‍ ഒരേ വേദിയില്‍ പ്രഭാഷണം നടത്തുന്ന മൂന്നു ദിവസത്തെ പരിപാടിയായിരുന്നു അത്. എന്‍ വി അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തിലുണ്ടായ ജംഇയ്യത്തുല്‍ മുജാഹിദീന്‍ ആണല്ലോ നദ് വത്തുല്‍ മുജാഹിദീന്‍ എന്ന പേരിന്റെ സ്രോതസ്സ്. ജംഇയ്യത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് എന്‍ വി സകരിയ്യ മൗലവിയുടെ ശ്രമങ്ങള്‍ മൂലം പ്രസ്ഥാനത്തില്‍ ഐക്യത്തിന്റെ വിത്ത് പാകാന്‍ കഴിഞ്ഞാല്‍ അതൊരു ചരിത്ര സംഭവമാകുമെന്നുറപ്പാണ്.പിളര്‍പ്പില്‍ വേദന പൂണ്ട് ഇരുപക്ഷത്തും സജീവമാകാതെ നില്ക്കുന്ന നിസ്വാര്‍ത്ഥരായ മുജാഹിദ് പ്രവര്‍ത്തകന്മാര്‍ ഉയര്‍ത്താറുള്ള ചില ചോദ്യങ്ങളുണ്ട്. അരീക്കോട് വെച്ച് രണ്ടു കൂട്ടര്‍ക്കും ഒന്നിച്ച് പരിപാടി നടത്താം. കടലുണ്ടിയിലും കാരക്കുന്നത്തും വടകരയിലും കടവത്തൂരിലും പുളിക്കലും രണ്ടത്താണിയിലും തിരൂരിലും മറ്റു പല മഹല്ലുകളിലും ഒന്നിച്ചു പ്രവര്‍ത്തിക്കാം. എറണാകുളത്ത് ബാബു സേട്ട് പ്രസിഡന്റായുള്ള പള്ളിയില്‍ സലാഹുദ്ദീന്‍ മദനിയാണ് ഖത്തീബ്. പി കെ അഹമ്മദ് സാഹിബ് പ്രസിഡന്റായുള്ള നടക്കാവ് പള്ളിയില്‍ ബഷീര്‍ പട്ടേല്‍താഴമാണ് ഖത്തീബ്. ടി പി അബ്ദുല്ലക്കോയ മദനിയുടെ കടലുണ്ടി പള്ളിയില്‍ വര്‍ഷത്തില്‍ ആറു മാസം അലി മദനിയാണ് ഖത്തീബ്. കോഴിക്കോടുള്‍പ്പെടെ ഇരുവിഭാഗവും സംയുക്തമായി ഈദ് ഗാഹുകള്‍ നടത്തുന്നുണ്ട്. ഇവിടെയെല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കാമെങ്കില്‍ അത് എല്ലാ നാട്ടിലും സംസ്ഥാന തലത്തിലും വ്യാപിപ്പിക്കാന്‍ എന്താണ് നിങ്ങള്‍ക്ക് തടസ്സം?. ചോദ്യത്തിനുത്തരം പറയേണ്ടത് ഞാനടക്കമുള്ള ഭാരവാഹികളാണ്.
റൗസത്തുല്‍ ഉലൂം അറബിക്കോളേജിലെ ഒരു പരിപാടിയില്‍ ഞാനും എ പി അബ്ദുല്‍ ഖാദര്‍ മൗലവിയും ഒന്നിച്ചിരുന്നു സംസാരിക്കുന്ന ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചപ്പോള്‍ അതിനുണ്ടായ പ്രതികരണങ്ങള്‍ മുജാഹിദ് പ്രവര്‍ത്തകരുടെ ഹൃദയ വികാരം വിളിച്ചോതുന്നതായിരുന്നു. ഒരു പുസ്തക പ്രകാശന വേളയില്‍ ഞാനും ടി പി അബ്ദുല്ലക്കോയ മദനിയും ഒപ്പമിരുന്ന് സംസാരിക്കുന്നത് ഒരപൂര്‍വ ദൃശ്യം കണക്കെ ചിലര്‍ കാമറയില്‍ പകര്‍ത്തുന്നത് കണ്ടു. അപ്പോള്‍ ടി പി അവരോടു പറഞ്ഞത് ‘ഇതില്‍ പുതുമയില്ല, ഞങ്ങളിങ്ങനെ പലപ്പോഴും കൂടിയിരിക്കാറുണ്ട്’ എന്നാണ്. മുഹമ്മദ് കുട്ടശ്ശേരി മൗലവിയുടെ ഇസ്ലാമിക ചരിത്ര പുസ്തക പ്രകാശന ചടങ്ങില്‍ മൗലവിയുടെ പാണ്ഡിത്യത്തെയും ജീവിത മാതൃകയെയും കുറിച്ച് ഏറ്റവും കൂടുതല്‍ മനസ്സില്‍ തട്ടി സംസാരിച്ചത് പി കെ അഹമ്മദ് സാഹിബായിരുന്നു. മൗലവിയോട് അഹമ്മദ് സാഹിബ് വെച്ചു പുലര്‍ത്തുന്ന ആദരവിന്റെ അടയാളമെന്നോണം പ്രസ്തുത പുസ്തകത്തിന്റെ നിരവധി കോപ്പികള്‍ അദ്ദേഹം സ്‌പോന്‍സര്‍ ചെയ്തു വിതരണം ചെയ്യുകയുമുണ്ടായി.

മുജാഹിദ് സംഘടനകളുടെ ഐക്യ ദൗത്യവുമായി മക്കയിലെ റാബിത്തത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസിര്‍ അബൂദി കോഴിക്കോട് വന്നു ഇരുവിഭാഗവുമായും ചര്‍ച്ച നടത്തിയിരുന്നു. മുസ്‌ലിം ലീഗിന് മുജാഹിദ് പിളര്‍പ്പ് മൂലം വലിയ വിഷമമാണുണ്ടായതെന്ന് മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ലീഗ് പിളര്‍ന്നത് പോലെയാണ് പ്രശ്‌നങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്. ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശമനുസരിച്ച് കുഞ്ഞാലിക്കുട്ടി സാഹിബ് പല തവണ ഐക്യ ശ്രമങ്ങള്‍ നടത്തിയിരുന്നു. പിന്നീട് ഹൈദരലി തങ്ങളുടെ താത്പര്യപ്രകാരം ഇ ടി മുഹമ്മദ് ബശീര്‍ സാഹിബും കെ പി എ മജീദ് സാഹിബും ശ്രമം തുടരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. സെയ്താലിക്കുട്ടി, അംഗങ്ങളായ എം സി മായിന്‍ ഹാജി, പി വി സൈനുദ്ദീന്‍, പി പി അബ്ദുറഹിമാന്‍ പെരിങ്ങാടി എന്നിവരുടെ ശ്രമങ്ങളും അവസാനിപ്പിച്ചിട്ടില്ല. വ്യവസായ പ്രമുഖരായ പി വി അബ്ദുല്‍ വഹാബ്, ഗള്‍ഫാര്‍ മുഹമ്മദലി, എം എ യൂസഫ് അലി, കെ വി കുഞ്ഞമ്മദ് കോയ, സി പി കുഞ്ഞിമുഹമ്മദ് തുടങ്ങിയ സൗഹൃദ വേദി നേതാക്കള്‍ പല തവണ ഈ വിഷയം ചര്‍ച്ച ചെയ്തതാണ്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എളമരം കരീം, ബിനോയ് വിശ്വം, വീരേന്ദ്ര കുമാര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഒരു പുരോഗമന പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനത്തെ ഒന്നിപ്പിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യാന്‍ തയ്യാറാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഒന്നാവുന്നില്ലേ, ഞങ്ങള്‍ പഴയ മുജാഹിദുകള്‍ക്ക് ചിലത് ചെയ്യേണ്ടി വരുമെന്ന സ്‌നേഹ ശാസനയുമായി സീതി ഹാജിയുടെ മകന്‍ പി കെ ബഷീര്‍ എം എല്‍ എ യും രംഗത്തുണ്ട്.

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൗലവി പറയുകയും എഴുതുകയും ചെയ്യുന്ന ഒരു ഫോര്‍മുലയുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രധാന ആദര്‍ശം തൗഹീദ് ആണ്. തൗഹീദില്‍ ആര്‍ക്കും ഒരു കുറവും വന്നിട്ടില്ല. ശിര്‍ക്ക് അല്ലാത്ത ഏതു പാപവും അല്ലാഹു അവന്‍ ഇഷ്ടപ്പെട്ടവര്‍ക്ക് പൊറുത്തു കൊടുക്കും. എങ്കില്‍ ഈ ശിര്‍ക്കല്ലാത്ത തെറ്റുകുറ്റങ്ങള്‍ നമുക്ക് പരസ്പരം പൊറുത്തു കൂടേ. ചെയ്തു പോയ തെറ്റുകള്‍ പൊറുത്തു അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്ന നാം തന്നെ നമ്മോടു ആരെങ്കിലും ചെയ്ത തെറ്റുകള്‍ പൊറുക്കില്ലെന്ന് പറയുന്നതില്‍ എന്ത് ദീനാനുള്ളത്?. ഞാന്‍ മക്കയില്‍ വെച്ചാണ് ഇതെഴുതുന്നത്. എന്നെ ഉപദ്രവിച്ചവരും അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചവരും യാത്ര മുടക്കിയവരും ഭീഷണിപ്പെടുത്തിയവരുമുണ്ട്. ഞാന്‍ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍ എന്റെ മേല്‍ ആരോപിച്ചവരുണ്ട്. അവര്‍ക്കെല്ലാം അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് ഞാന്‍ മാപ്പ് നല്കിയിരിക്കുന്നു. എന്റെ ഭാഗത്ത് നിന്ന് വല്ല തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ ബന്ധപ്പെട്ടവരോട് മാപ്പിരക്കുന്നു. ഈ പ്രസ്ഥാനം ഐക്യത്തോടെ മുന്നോട്ട് പോവുകാന്‍ എന്തൊക്കെ വിട്ടുവീഴ്ചകള്‍ ചെയ്യണമോ അവയൊക്കെയും വ്യക്തിപരമായി ചെയ്യുവാന്‍ ഞാന്‍ സന്നദ്ധനുമാണ്.ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത് എന്റെ സംഘടനക്ക് എന്തെങ്കിലും ദുര്‍ബലതയോ ക്ഷീണമോ ഉള്ളത് കൊണ്ടാണെന്ന് ആരും ധരിക്കരുത്. അത്തരത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടന താഴെ മുതല്‍ മീതെ വരെ വളരെ ശക്തമാണ്. എല്ലാ ഘടകങ്ങളും വളരെ ശാസ്ത്രീയമായി സംഘടിപ്പിച്ചു കഴിഞ്ഞു. മാത്രമല്ല, സമ്പൂര്‍ണമായ ഐക്യത്തോടെയും ഒത്തൊരുമയോടെയും വ്യവസ്ഥാപിതമായി കാര്യങ്ങള്‍ മുന്നോട്ടു പോകുന്നുമുണ്ട്. അഖിലേന്ത്യാതലത്തില്‍ ഇതിനകം തന്നെ വലിയ അംഗീകാരവും ആയിക്കഴിഞ്ഞിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ക്രമാനുഗതമായി വ്യാപിച്ചു കൊണ്ടിരിക്കുന്നു. ആശാവഹമായ പ്രതികരണങ്ങളാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ഞങ്ങളുടെ ഇസ്ലാഹി സെന്ററുകള്‍ക്കു കൂടുതല്‍ സ്വീകാര്യതയും ഔദ്യോഗിക സ്വഭാവവും ഉണ്ടായിട്ടുണ്ട്. സ്ഥാപനങ്ങളും വേണ്ടത്ര ആയിക്കഴിഞ്ഞു. പണ്ഡിതന്‍മാരും പ്രവര്‍ത്തകരും ധാരാളം. ഭൗതിക വിഭവങ്ങളും സാമ്പത്തിക സ്രോതസ്സുകളും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാലും കാലഘട്ടത്തിന്റെ താത്പര്യവും ഇസ്‌ലാഹി ആദര്‍ശത്തിന്റെ ഭാവിയും ഓര്‍ത്തുകൊണ്ടാണ് ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ ഇത്രയും പറയുന്നത്.

ഈ കുറിപ്പിന് എന്റെ പക്ഷത്തും മറുപക്ഷത്തും എന്ത് പ്രതികരണമുണ്ടാകുമെന്ന് അറിയില്ല. എന്റെ മനസ്സ് ഞാന്‍ തുറന്നു വെക്കുകയാണ്. സഹപ്രവര്‍ത്തകരും മറുപക്ഷത്തുള്ളവരും ആ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമെന്ന് വിശ്വസിക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് മറ്റൊരര്‍ത്ഥവും നല്കരുത് എന്ന് അഭ്യര്‍ത്ഥിക്കുകകയും ചെയ്യുന്നു. ചര്‍ച്ചകള്‍ പലത് നടന്നു. ഐക്യം മാത്രം നടന്നില്ല. കൂടുതല്‍ മദ്ധ്യസ്ഥന്മാരില്ലാതെ തന്നെ നമുക്ക് സ്വയം ഐക്യപ്പെടാന്‍ വഴി തേടുകയാണ് ഇനി വേണ്ടത് . ആര് ആരെ വിളിക്കണമെന്നതൊന്നും പ്രശ്‌നമല്ല. ഈ പ്രസ്ഥാനം ഏറ്റെടുത്ത ചരിത്ര ദൗത്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തി പകരാനും ഐക്യം പുന:സ്ഥാപിക്കാനും ആര്‍ക്കും പരസ്പരം വിളിക്കാം. സ്‌നേഹപൂര്‍ണമായ ഒരു ഔപചാരികത ആവശ്യമെന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും സുസമ്മതരും മുജാഹിദ് പ്രസ്ഥാനത്തില്‍ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യവുമുള്ള പി കെ അഹമദ് സാഹിബോ പി വി അബ്ദുല്‍ വഹാബ് സാഹിബോ വിളിച്ചാല്‍ എല്ലാവരും വരുമെന്നാണെന്റെ വിശ്വാസം. ഇന്‍ശാ അല്ലാഹ്, ഒരു പ്രശ്‌നവുമില്ല, മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവുമെന്ന അഹമ്മദലി മദനിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്ന സുദിനത്തിനായി നാം കാത്തിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെhttp://varthamanam.com/?p=16311

0 comments: