Beans
9 years ago
വിശുദ്ധഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്ലാമിന്റെ ശുദ്ധവും അകളങ്കിതവുമായ മൗലികവിശ്വാസങ്ങളിലേക്കും മൂല്യങ്ങളിലേക്കുമുള്ള തിരിച്ചുപോക്കിലൂടെ മുസ്ലിം സമൂഹത്തിന്റെ നാനാമുഖമായ സമുദ്ധാരണവും നവോത്ഥാനവും വികാസവും സാധ്യമാക്കുക എന്നതാണ് ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. മതാധിഷ്ഠിതമായ സാമൂഹിക പരിഷ്കരണമെന്ന ഈ ദൗത്യം കേരളത്തില്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നത് `ഇസ്ലാഹീ' അഥവാ മുജാഹിദ് പ്രസ്ഥാനമാണ്. ....
ജമാല്‍ ബന്നയെ ഓര്‍ക്കുമ്പോള്‍
മുസ്ലിം ബ്രദര്‍ഹുഡിന്റെ സ്ഥാപക നേതാവായ ശഹീദ് ഹസനുല്‍ ബന്നയുടെ ഇളയ സഹോദരനും പ്രശസ്ത ചിന്തകനും ഗ്രന്ഥകാരനുമായ ജമാല്‍ ബന്ന അന്തരിച്ച വാര്‍ത്ത വായിച്ചപ്പോള്‍ ഓര്‍മവന്നത്, 2007ല്‍ `ദ ഗാര്ഡിയന്' പത്രത്തില്‍ അദ്ദേഹത്തെ പരാമര്‍ശിച്ചുവന്ന ഒരു ലേഖനമാണ്. അയാന് ഹിര്‍സി അലിയുടെ പ്രസിദ്ധമായ `അവിശ്വാസി' (Infidel) എന്ന നോവലിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ച നടന്നുവരുന്ന സന്ദര്‍ഭമായിരുന്നു അത്. ഇസ്ലാമില്‍ നിന്ന് പുറത്തുപോകുന്ന ആളെ വധിക്കണമോ എന്ന സംവാദത്തില്‍ ഇടപെട്ട് ജമാല്‍ ബന്ന പറഞ്ഞു. വിശ്വാസം ആരിലും അടിച്ചേല്പിക്കാന് ഇസ്ലാം കല്പിക്കുന്നില്ല. ഇസ്ലാമും ചിന്താ സ്വാതന്ത്ര്യവും തമ്മില്‍ യാതൊരുവിധ ഏറ്റുമുട്ടലുമില്ല. പ്രവാചകന്റെ കാലത്തുതന്നെ ധാരാളം പേര് ഇസ്ലാമില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. അവരെ എല്ലാവരെയും അദ്ദേഹം ശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ല.
തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന കാര്യത്തില്‍ ഒട്ടും മടിക്കാത്ത പ്രകൃതമുള്ള ചിന്തകനാണ് ജമാല്‍ ബന്ന. അതുകൊണ്ട് തന്റെ മൂത്ത ജ്യേഷ്ഠനായ ഹസനുല്‍ബന്ന സ്ഥാപിച്ച ഇഖ്വാനുല്‍ മുസ്ലിമീന്റെ കഠിന വിമര്‍ശകനായിരുന്നു അദ്ദേഹം. ഇസ്ലാമേതര വ്യവസ്ഥകള്‍ മുഴുവന്‍ ജാഹിലിയ്യത്തും അനിസ്ലാമികവുമാണെന്ന സയ്യിദ് ഖുതുബിന്റെ വാദഗതിയാണ് ജമാല്‍ ബന്നയെ അത്യധികം പ്രകോപിപ്പിച്ചത്. മിതവും ഉദാരവും മനുഷ്യപ്പറ്റുള്ളതുമായ ഇസ്ലാമിക ജീവിതത്തെ കര്‍ക്കശവും തീവ്രവുമായ ചട്ടക്കൂടുകളില്‍ ഒതുക്കാന്‍ പാടില്ലെന്ന് ജമാല്‍ ബന്ന വാദിച്ചു. 1920 ഡിസംബര്‍ 15-ന് അലക്സാണ്ട്രിയയിലെ കുലീന കുടുംബത്തിലാണ് ജമാല്‍ ബന്ന ജനിച്ചത്. പിതാവ് പേരുകേട്ട ഹദീസ് പണ്ഡിതനായിരുന്നു. ആ കുടുംബ വേരുകളില്‍ നിന്നുതന്നെ പരമ്പരാഗത ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ നേടിയ അദ്ദേഹത്തിന്, പിതാവിന്റെ രോഗത്തെത്തുടര്‍ന്ന് സെക്കന്ററി വിദ്യാഭ്യാസത്തിനപ്പുറത്തേക്ക് പോകാനായില്ല. എങ്കിലും നന്നേ ചെറുപ്പത്തിലേ അദ്ദേഹത്തില്‍ കടന്നുകൂടിയ വായനാപ്രേമം ഈജിപ്തിലെ ഏറ്റവും പ്രമുഖ ചിന്തകരില്‍ ഒരാളാക്കി അദ്ദേഹത്തെ ഉയര്‍ത്തി. അല്‍അസ് ഹറിലോ മറ്റേതെങ്കിലും യൂണിവേഴ്സിറ്റികളിലോ പോകാതെ, സ്വന്തം നിലയില്‍ ഖുര്‍ആനും ഹദീസും ഇസ്ലാമിക ദര്‍ശനങ്ങളും ആഴത്തില്‍ പഠിച്ചു. അദ്ദേഹത്തിന്റെ ചിന്തകളും കാഴ്ചപ്പാടുകളും ജ്യേഷ്ഠന്റേതില് നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇഖ്വാനുമായി സഹകരിച്ചില്ലെങ്കിലും എഴുത്തിനോടും വായനയോടുമുള്ള താല്പര്യംകൊണ്ട്, ഇഖ്വാന്റെ പ്രസിദ്ധീകരണ കാര്യങ്ങളില്‍ യുവാവായ ജമാല്‍ ബന്നയെ ജ്യേഷ്ഠന് സഹകരിപ്പിച്ചിരുന്നു. പക്ഷേ, അത് ദീര്‍ഘകാലം മുന്നോട്ടുപോയില്ല. ജ്യേഷ്ഠനെക്കുറിച്ച് പിന്നീട്, ജമാല്‍ ബന്ന പറഞ്ഞത് ഞങ്ങള്‍ രണ്ടുപേരും പരസ്പരം ആദരിച്ചിരുന്നു എന്നാണ്. വിരുദ്ധമായ ഞങ്ങളുടെ വീക്ഷണങ്ങളെ പരസ്പരം ആദരിച്ചു. പരമ്പരാഗതമായ ഒരു ബഹുജന സംഘടനയുടെ നേതാവായിട്ടില്ലായിരുന്നുവെങ്കില് ഹസനുല്‍ബന്ന ഒരു വലിയ സ്വതന്ത്ര ചിന്തകനായി മാറിയേനേ എന്ന് ഒരിക്കല്‍ ജമാല്‍ ബന്ന പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയും അണികളും അദ്ദേഹത്തെ മറ്റൊരു രീതിയില്‍ പാകപ്പെടുത്തുകയായിരുന്നുവത്രെ. ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണിതാഭാവവും ചിന്താസ്വാതന്ത്ര്യവും പ്രവാചകന്റെ മരണത്തിനു 40 വര്‍ഷത്തോളം മാത്രമേ നിലനിന്നുള്ളൂവെന്നാണ് ജമാല്‍ ബന്നയുടെ വീക്ഷണം. ഇസ്ലാമില്‍ ചര്‍ച്ചിനു സമാനമായ പൗരോഹിത്യമോ വ്യാഖ്യാനാധികാര കുത്തകയോ ഇല്ല. അതൊക്കെ പില്ക്കാല രൂപാന്തരങ്ങളാണ്. ഇങ്ങനെ പോകുന്നു ജമാല്‍ ബന്നയുടെ ചിന്തകള്‍. ജമാല്‍ ബന്നയുടെ ചിന്താലോകം പരിചയപ്പെടാന്‍, അദ്ദേഹം രചിച്ച കൃതികള്‍ തന്നെ ധാരാളം. അദ്ദേഹത്തിന്റെ സുപ്രധാന രചന `അല്‍ഇസ്ലാം ദീനു വ ഉമ്മ, വ ലൈസ ദീനു വ ദ്ദൗല'യാണ്. പേരില്‍ വ്യക്തമാകുന്നപോലെ, ഇസ്ലാം മതവും സമൂഹവുമാണ്. അല്ലാതെ, മതവും രാഷ്ട്രവുമല്ല എന്നാണ് ഈ കൃതിയുടെ ഉള്ളടക്കം. `ഇസ്ലാമിക രാഷ്ട്രം' സ്ഥാപിക്കുകയായിരിക്കണം മുസ്ലിംകളുടെ ലക്ഷ്യമെന്ന വാദത്തെ അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. മതവും രാഷ്ട്രവും രണ്ടുതന്നെ ആയിരിക്കണമെന്നും അല്ലാത്തപക്ഷം, ഇസ്ലാം രാഷ്ട്രീയ ദുരുപയോഗത്തിനു വിധേയമാകുമെന്നും ജമാല്‍ ബന്ന അഭിപ്രായപ്പെട്ടു. അതേസമയം, ഇസ്ലാം രാഷ്ട്രീയ മുക്തമാണെന്ന വാദം അദ്ദേഹത്തിനുണ്ടായിരുന്നില്ല. രാഷ്ട്രം മതനിരപേക്ഷമായിരിക്കണമെന്നും രാഷ്ട്രത്തിലെ വ്യക്തികള്‍ക്ക് മതമുണ്ടായിരിക്കണമെന്നും അദ്ദേഹം കരുതി. `ഇല്മാനി' (സെക്യുലറിസ്റ്റ്) എന്നറിയപ്പെടുന്നത് ഒഴിവാക്കി അദ്ദേഹം സ്വയം `ഇസ്ലാമി' (ഇസ്ലാമിസ്റ്റ്) ആയി പരിചയപ്പെടുത്തി. `ഇസ്ലാമിക രാഷ്ട്ര'ത്തെ എതിര്‍ക്കുന്നവരെ അരാഷ്ട്രീയവാദികളോ, ഇസ്ലാം കേവലം ആചാരാനുഷ്ഠാനങ്ങളുടെ സമാഹാരമായി കരുതുന്നവരോ ആയി വ്യാഖ്യാനിക്കുന്ന പ്രവണതയെ ജമാല്‍ ബന്ന ചോദ്യം ചെയ്യുന്നുണ്ട്. മത്വ്ലൂബുനല് അവ്വല്‍ ഹുവല്‍ ഹുര്‍റിയ്യ (നമ്മുടെ പ്രഥമ ആവശ്യം ചിന്താ സ്വാതന്ത്ര്യം), തത്വ്വീറുല് ഖുര്‍ആന്‍ (ഖുര്‍ആനിന്റെ വിപ്ലവ വായന), അല്മര്അതുല് മുസ്ലിമ ബൈനത്തഹ്രീറുല് ഖുര്‍ആന്‍ വ തഖ്ജീദുല് ഫുഖഹാഅ് (സ്ത്രീ-ഖുര്‍ആന്‍ നല്കുന്ന സ്വാതന്ത്ര്യത്തിനും കര്മശാസ്ത്രജ്ഞരുടെ കാര്‍ക്കശ്യത്തിനും മധ്യേ) അദ്ദഅ്വല് ഇഹ്യാഉല്‍ ഇസ്ലാമി (ഇസ്ലാമിക നവോത്ഥാനത്തിന്റെ വിളംബരം) മുതലായ അദ്ദേഹത്തിന്റെ കൃതികളിലൊക്കെ സ്വാതന്ത്ര്യം, വിമോചനം, സഹിഷ്ണുത, ബഹുസ്വരത തുടങ്ങിയ ആശയങ്ങളാണ് നിറഞ്ഞുനില്ക്കുന്നത്. |
0 comments: